ഇരവിൻ ഇരുൾ നിര തീരാറായ്

ഇരവിൻ ഇരുൾനിര തീരാറായ്
പകലിൻ കതിരൊളി കാണാറായ്

പുതിയൊരു യുഗത്തിൻ പുലരി വരും
നീതിയിൻ കതിരോൻ ഒളി വിതറും
അധിപതി യേശു വന്നിടും
അതുമതി ആധികൾ തീർന്നിടും

ഉണരിൻ ഉണരിൻ സോദരരേ
ഉറങ്ങാനുള്ളൊരു നേരമിതോ?
ഉയിർ തന്നോനായ് ജീവിക്കാൻ
ഉണ്ടോ വേറൊരു നേരമിനി?

ഇന്ന് കരഞ്ഞു വിതയ്ക്കുന്നു
പിന്നവർ ആർപ്പോടു കൊയ്യുന്നു
ഇന്ന് വിതയ്ക്കാ മടിയന്മാർ
അന്ന് കരഞ്ഞാൽ ഗതിയെന്ത്?

കത്തിത്തുതീർന്നൊരു കൈത്തിരി പോൽ
പൂത്തു പൊഴിഞ്ഞൊരു പൂവേ പോൽ
എത്തി തിരികെ വരാതെ പോം
കർത്തവ്യത്തിൻ നാഴികകൾ

സ്നേഹം നമ്മുടെ അടയാളം
ത്യാഗം നമ്മുടെ കൈമുതലാം
ഐക്യം നമ്മുടെ നല്ല ബലം
വിജയം നമ്മുടെ അന്ത്യഫലം



രചന: എം. ഇ. ചെറിയാൻ
ആലാപനം: ആലീസ്

Scroll to Top