മനതാര് മുകുരത്തിന് പ്രകാശം
മനുകുലത്തിന് മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും
മനതാര് മുകുരത്തിന് പ്രകാശംമനസ്സില് വരും മത ഭാവന നീക്കും
മഹിത മനസുകള്‍ മാതൃകയാക്കും
മരിസുഖമനിഷമശേഷമുദിക്കും
മറുത്തു പറഞ്ഞു വന്നു പദത്തില്‍ നമസ്കരിക്കും
മനമേ നീയിതു തള്ളി മുറ്റും – പടുകുഴിയില്‍ –
തുലയൊല്ല, പരനിതിന് ചുറ്റും – പുതു വെളിച്ചം –
തരുമേ, നീയിതു കാത്താല്‍ ചെറ്റും – ഭ്രമിച്ചിടേണ്ട,
വിപരീതമാകിലോ നീ ചുറ്റും – നിനക്കിപ്പൊഴു –
തുള്ള കൃപ തള്ളിടുകില്‍ പൊള്ളയാകും നിന്റെ ഗുണമെല്ലാം –
അതാല്‍ ക്ഷീണിച്ചു ചള്ളപോലെയുറപ്പില്ലാതുള്ളമുള്ളപൊള്ളനാകും,
ഇല്ല – സംശയം – സാത്താന് വെള്ളമെന്ന പോലെ നിന്നെ
തൊള്ളതുറന്നുള്ളിലാക്കിയല്ലാ -തടങ്ങുകില്ല
കള്ളനുപദേശിയെന്ന ചള്ള് നാമം ധരിപ്പിക്കും വല്ലാതീ ലോകരെല്ലാം
ഒരുവുരു ശരിയെന്നുരചെയ്തത് നീ (ആ .. ആ …)
പിശകെന്നുടനെ പറയേണ്ടി വരും
സ്ഥിരമതികളെ കണ്ടാല്‍ മുഖം ചളിച്ചീടും
അയല്‍ക്കാരും പരിഹസിച്ചവിശ്വസിച്ചറച്ചിടും
പട്ടു കുപ്പായമയ്യോ നിന്നെ മയക്കരുതെ,
കട്ടിപ്പൊന്മുടിയുമെന് പൊന്നേ,
അതിനോടോത്ത് മട്ടൂറും മൊഴികളും തന്നെ – നിന് വിശ്വാസത്തെ –
കട്ടുപോകരുതെന്ന് തന്നെ – എനിക്കുള്ളാശ –
പട്ടിവിടെയിട്ട് ഭൂമി വിട്ടു നരന് തട്ട് കേടായ് പോകും ശവക്കുഴിയില്‍
പട്ട വല്ല പഴന്തുണിയിട്ട് കെട്ടി ചെറ്റു മറ തേവാന്‍ അവന് ചെറു –
തുട്ടുപോലും ഇട്ടുകൊടുത്തൊട്ടുദയകാട്ടുകില്ല – ചാവും സമയമയ്യോ!
ചട്ടമിതാണെട്ടുകെട്ടില് അഷ്ടി ചെയ്തിരിപ്പവനുമാകും ഫലാനുഭവം
ബഹുതര ദുരിതം മനുജനു ഭുവനെ (ആ … ആ …)
ബന്ധുവര്ഗമതുമെന്തിഹ ജിതനെ
അന്തരംഗമതില്‍ മാമഘഹരനെ
ചിന്ത ചെയ്ക ദിനവും മമ പ്രിയനേ
സൂചിമുനയളവുമാത്രം മനസ്സാക്ഷിയെ – ന്നാരറിഞ്ഞഭിമാന പാത്രം
അതുമതിനെ പാരം തെളിയുമൊരു നേത്രം കണക്കു കാത്തു
പോരുമവനെ അതി മാത്രം പരമ പുമാന്
സത്യധനത്തിനു നല്ല നിത്യ കാവല്ക്കാരനായിട്ടാക്കും – അതാലവന്നു
സത്യമത് വിറ്റു തന്റെ കൊറ്റ് കഴിവാനതൃപ്തി വായ്ക്കും –
പൌള്‍ ചൊന്ന പോലെ –
സത്യവിരുദ്ധമായൊന്നും സാദ്ധ്യമല്ല
ഞങ്ങള്‍ക്കെന്ന വാക്കും – പടി ജീവിച്ചു –
ചിത്തമുറപ്പിച്ചു തന്റെ മൃത്യുവണയുമ്പോഴൊരു ഭീയും മനക്കൂടാതെ
സുഖമോടു ഭ്രുതിയമലകടലിന് നടുവില്‍ (ആ … ആ …)
സുരപതി തന് വചനാമൃത പടവില്‍
കയറിയാ മറുകരെ പോമവനൊടുവില്
പുമതികള് ഗണം കിടന്നഴലുന്ന ഗടുവില്
രചന: കെ. വി സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്