Uncategorized

സമയമാം രഥത്തില്‍ ഞാന്‍

മരണഗാനം എന്ന് പരക്കെ അറിയപ്പെടുന്ന ഗാനം..

മൃതശരീരം വഹിച്ചു കൊണ്ടു ഘോഷയാത്രയായി നീങ്ങുന്ന ജനം ദു:ഖത്തോടെ പ്രതീക്ഷയറ്റവരായി ഈ പാട്ട് പാടുന്ന പല രംഗങ്ങളും മനസ്സില്‍ തെളിഞ്ഞു വരുന്നു… മരണം എന്ന വിഷയം നേരിട്ടു വരുന്നില്ല എങ്കിലും സാന്ദര്‍ഭികമായി ഉപയോഗിക്കാറുള്ളത് മരണവേളയിലാണ് എന്നത് മൂലം ഒരു ചെറിയ ഭയം ഉള്ളില്‍ വരുത്തുന്നു ഈ വരികള്‍ ‍! മരണസമയത്ത് പാടാന്‍ ഉദ്ദേശിച്ചു രചിക്കപ്പെട്ടതല്ല എങ്കിലും, ആരുടെയെങ്കിലും മരണ സമയത്താണ് പൊതുവെ ആലപിക്കാറുള്ളത്.

ജര്‍മ്മന്‍ മിഷണറിയായി പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന വി. നാഗല്‍ സായിപ്പു ആണ് ഈ ഗാനത്തിന്റെ രചയിതാവ്. (പിന്നീട് ചിലഭേദഗതികളോടെ ഒരു മലയാള ചലച്ചിത്രത്തിലും അവതരിപ്പിക്കപ്പെടുകയുണ്ടായി)

നിത്യജീവിതത്തെ സമയമാകുന്ന രഥത്തില്‍ ഏറി പോകുന്ന ഒരു യാത്രയായും അതിന് അത്യാവശ്യം വേണ്ട ഉപാധികളെ യാത്രക്കോപ്പുകള്‍ ആയും, ഈ യാത്രക്ക് തടസ്സം നില്‍ക്കുന്നതെല്ലാം വര്‍ജ്ജനം ചെയ്യപ്പെടേണ്ടിയവയായും കവി വര്‍ണ്ണിക്കുന്നു. ഈ യാത്രയിലുള്ള ഓരോ നിമിഷവും ഞാന്‍ ദൈവത്തിന്റെ കൈകളില്‍ സുരക്ഷിതനാണ് .. അത് കൊണ്ടു ഭയമില്ല.. ഓരോ നിമിഷം കഴിയുന്തോറും ഞാന്‍ എന്റെ സ്വന്ത വീട്ടിലേക്ക് – പറുദീസായിലേക്ക് – കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.. അതിനാല്‍ ഞാന്‍ സന്തോഷവാനാണ് എന്നത്രേ കവി ഉദ്ദേശിക്കുന്നത് ..

ഇങ്ങനെ ഒരു ജീവിതം നമുക്കു ഓടുവാന്‍ നമുക്കുണ്ടായിരുന്നു എന്നത് ഒരുപക്ഷെ, മരണത്തോട് അടുക്കുമ്പോള്‍ മാത്രമെ അറിയാറുള്ളൂ.. പക്ഷെ അപ്പോഴേക്കും സമയം കടന്നിരിക്കും… സമയ രഥത്തിന്റെ ചക്രം പിന്നോട്ടില്ലല്ലോ! അതെ സ്വന്തം യാത്രയുടെ പുരോഗതി ഓരോ ദിവസവും വിലയിരുത്തേണ്ടതാണ് എന്ന് സാരം!

ഗാനത്തിന്റെ യഥാര്‍ത്ഥ വരികള്‍ ഇപ്രകാരമാണ് :

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം
വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു

തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം

ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍

സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം

നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍

എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു

ശുദ്ധന്മാര്‍ക്ക് വെളിച്ചത്തില്‍ ഉള്ള അവകാശത്തില്‍
പങ്കു തന്ന ദൈവത്തിനു സ്‌തോത്രം സ്‌തോത്രം പാടും ഞാന്‍

കടപ്പാട് : വിക്കിഗ്രന്ഥശാല

ആലാപനം: കെസ്റ്റര്‍

The Latest

To Top