സദനേ, മാമകേ വാഴും കദനേ
തുണ നീ ദിവ്യ പദനേ! പരമാനന്ദ പ്രദനേ!
വദനേ നിന്നൊഴുകും വിണ്ണദനമാം മൊഴിയാലെൻ
വ്യസനമാകെ നീങ്ങിടുന്നു
തിരുരവമശനമായിരുന്നിടുന്നു സതതവും
ഹുതനേ പരമേശനിൻ സുതനേ
ഭുവനപാപ നിധനേ തുനിവായ് വന്ന നുതനേ
ഹതനേ, സകലേശനാൽ ഭൃതനേ
പരമദേവ ഹിതമെഴുന്ന തിരുവിശേഷ പദവിയിൽ
വരുവതിന്നു കൃപതരുന്നിതനിശവും നീ
സുരനേ! സുജനാഘ സംഹരനേ!
ഭുവി ജനിച്ച നരനേ! ജനസമൂഹ വരനേ!
മരണേ തുണചെയ്യും നിന്നരുണാംഘ്രിയുഗമെന്നെ
കരുണയോടു ഭരണം ചെയ്തു ധരണിയിൽ
ശരണമേകി വരണമേശു നാഥ! നീ
ധനമേ! ജീവനിൽ പുതു മനമേ!
കരുണ ചെയ്യും ഘനമേ! ത്വാം തൊഴും സർവ്വ ജനമേ!
തുണമേ നിന്നടി മമ ദിനമെന്നുമിവൻ നിന്നോ –
ടണവതിന്നു തുണ ചൊരിഞ്ഞു വിരവൊടു
കനിവിയന്നു കരളലിഞ്ഞു വരിക നീ
രചന: കെ. വി. സൈമൺ
ആലാപനം: എ. സി. തോമസ്
പശ്ചാത്തലസംഗീതം: ജോസ് മാടശ്ശേരി