ഉണരുക നീയെന്‍ ആത്മാവേ

ഉണരുക നീയെന്‍ ആത്മാവേ
ചേരുക യേശുവിന്‍ അരികില്‍ നീ
തുണയവനല്ലാതാരുള്ളീ
ഏഴകള്‍ നമ്മെ പാലിപ്പാന്‍

പുതിയൊരു നാള്‍ നമുക്കണഞ്ഞു വന്നു
എങ്ങനെ നാമിന്നു ജീവിക്കേണ്ടു
പാപത്തിന്‍ തിരകളാല്‍ അലഞ്ഞിടാതെ
യേശുവെ നോക്കി നാം ജീവിക്കണം

ഓരോരോ ദിവസമതുപോലെ
ഭൂവിലെ വാസവും നീങ്ങിപ്പോകും
നീയതു ധ്യനിച്ചീശങ്കല്‍
ആശ്രയം പുതുക്കണം ഈ ക്ഷണത്തില്‍

വീടുമില്ലാരുമില്ലൊന്നുമില്ലീ
ലോകത്തിലെനിക്കെന്നോര്‍ക്കുക നീ
വിട്ടകളയും നീ ഒരുനാളില്‍
ഉണ്ടെന്നു തോന്നുന്ന സകലത്തെയും

ആപത്തനര്‍ത്ഥങ്ങള്‍ ഉണ്ടിഹത്തില്‍
ഖേദത്തിന്‍ സമുദ്രമാണീയുലകം
പാപത്തെ വരുത്തിയോരാദാമിന്‍
ശാപത്തിന്‍ തിരകള്‍ അങ്ങലച്ചിടുന്നു

ക്ലേശം നമുക്കിങ്ങു വന്നിടെണ്ട
മേലില്‍ നമുക്കൊരു ദേശമുണ്ട്
ഭക്തന്മാര്‍ അതിലതിമോദമോടെ
നാള്‍കള്‍ കഴിപ്പതിനോര്‍ത്തു കൊള്ളാം

സ് നേഹിതര്‍ നമുക്കുണ്ട് സ്വര്‍ഗത്തില്‍
ദൈവത്തിന്‍ ദൂതരും പരിശുദ്ധരും
സ് നേഹം കൊണ്ടേശുവേ വാഴ്ത്തിപ്പാടും
അവിടെ നമുക്കും പാടരുതോ

നിത്യ സൌഭാഗ്യങ്ങള്‍ അനുഭവിപ്പാന്‍
സ്വര്‍ഗത്തില്‍ നമുക്കുള്ള വീട് മതി
നിത്യ ജീവാമൃത മോദമണി –
ഞ്ഞപ്പന്റെ മടിയില്‍ വസിക്കരുതോ

ക്രിസ്തന്റെ കാഹളമൂതും ധനി
കേള്‍ക്കുമോ ഈ ദിനം ആരറിഞ്ഞു
വിശ്രമ മാര്‍ഗത്തിലാകുമോ നാം
എന്തിനുമൊരുങ്ങുകെന്നാത്മാവേ


രചന: സാധു കൊച്ചു കുഞ്ഞുപദേശി

Scroll to Top