K V Simon

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ
പ്രദ്യോതനന്‍  പോല്‍ പ്രകാശിച്ചു നില്‍ക്കും
സദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍
ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ

താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാം
ആത്മാനുഭൂതിയില്‍ നിസ്സാരമായി
കാണ്മാന്‍ കരുത്തുള്ള സ്വര്‍ഗീയ കണ്ണാല്‍
ശോഭിക്കുമാറാക ശ്രീയേശു നാഥാ

ആനന്ദവാരാശി തന്നില്‍ പരക്കും
വീചീ തരംഗങ്ങളാര്‍ക്കുന്ന ഗാനം
വേദോക്ത സീമാവിലെത്തി ശ്രവിപ്പാന്‍
ഏകിടൂ കര്‍ണ്ണങ്ങള്‍ ശ്രീയേശു നാഥാ

മൂഡോപദേശ കൊടുങ്കാടു ശീഘ്രം
പാടേ തകര്‍ത്തങ്ങു ഭസ്മീകരിപ്പാന്‍
ചൂടോടെ കത്തി ജ്വലിക്കുന്ന നാവും
നീടാര്‍ന്നു നല്കിടൂ ശ്രീയേശു നാഥാ..

സാധുക്കളായുള്ള മര്‍ത്ത്യര്‍ക്കു വേണ്ടി
ചാതുര്യയത്നം കഴിച്ചേതുനാളും
മാധുര്യ ദാനം പൊഴിക്കുന്ന കൈകള്‍
ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ

സീയോന്‍ മണാളന്റെ  പ്രത്യാഗമത്താല്‍
മായാതമസ് ഓടി മാറുന്ന നാളില്‍
ജായാത്വമേന്തിക്കിരീടം ധരിപ്പാന്‍
ആശിസ്സിവര്‍ക്കേക ശ്രീയേശു നാഥാ

നിത്യം ലഭിക്കട്ടെ സൂര്യ പ്രകാശം
അഭ്യുല്‍പതിക്കട്ടെ ചന്ദ്രന്റെ കാന്തി
നാനാത്വമാര്‍ന്നുള്ള പുഷ്പങ്ങളെന്നും
സൌരഭ്യമേകട്ടെ ശ്രീയേശു നാഥാ


രചന: മഹാകവി കെ. വി. സൈമണ്‍

The Latest

To Top